Saturday, October 7, 2017

അത്രമാത്രം ...
തനിച്ചു നിൽക്കുന്നു ഞാനീ 
ഒറ്റമരത്തിൻ ചില്ലയ്ക്കു താഴെ
വർഷകാല കാർമേഘമൊരു 
ഭ്രാന്തിയെപ്പോലെ കരയുന്നു 
കണ്ണുനീർ വീഴ്‌ത്തുന്നു..

മഴത്തുള്ളികളുടെ കണക്കുതെറ്റി 
പെരുംതുള്ളികളായി അലതെറ്റി 
കാറ്റിൽ ഗതിതെറ്റി ആർത്തലച്ചീടുന്നു...

മഴയുറച്ചീടുന്നു മൺ-
വഴികളിൽ...
നോവിൻ ദലമർമ്മരങ്ങളും
ഓർമ്മതൻ ജലതാളവും തമ്മി-
ലലിഞ്ഞു നീർചാലുകളായിടുന്നു...

മഴക്കാറ്റുവീശുന്നു, കണ്ണീർക്ക-
യങ്ങൾപോലെ നീ പിന്നെയും 
പിന്നെയും കരയുന്നു...

ഇനി നമ്മൾ കാണുകയില്ലന്ന-
റിഞ്ഞപോൽ 
കാർമേഘം തിങ്ങുമ്പോൾ....
ഇനി നമ്മൾ പ്രണയിക്കുകയില്ലെ-
ന്നറിഞ്ഞപോൽ
മഴമേഘം വിങ്ങുമ്പോൾ.....

ഒടുവിൽ മിഴിനട്ടുകാത്തിരിക്കാം 
ഇരുവർ നാം മാത്രമായൊഴുകും
ഒരു ജലപാതയായി 
തമ്മിൽ പുണർന്നു,
ജലപ്പരപ്പിൽ പൂക്കുന്ന 
ക്ഷണിക കണങ്ങളായി....
നുര പതഞ്ഞ ചുഴികളായി...
മറവിയുടെ ആഴങ്ങളിൽ 
അഗാധതലങ്ങളിൽ...
നാമൊന്നായി അത്രമാത്രമായി...

No comments:

Post a Comment