Sunday, October 8, 2017

പ്രിയ കളിത്തോഴി ....
ഇന്നും എന്തേ നിന്‍ചിരിപ്പൂക്കള്‍ -
വാടിയിരിക്കുന്നു..
എന്നും ഞാനറിയുന്നു -
മൗനം നിറഞ്ഞൊരാ മുഖത്തെ
മൂകഭാവങ്ങള്‍...

എന്‍ വാതിൽപ്പടിയോളം വന്നു-
നിശ്ശബ്‌ദമായൊരാ നിന്‍റെ
കൊലുസിന്‍റെ കൊഞ്ചലുകള്‍....
പിന്നില്‍വന്നു കണ്ണുപൊത്താന്‍-
നീട്ടിയകരങ്ങളിലെ ഓട്ടുവളകള്‍തന്‍
കിലുക്കവുമെന്തേ നിന്നുപോയി.....
അകമലരിന്‍ വിഷാദം -
തുളുമ്പിയൊരാ കണ്ണുകളില്‍
ശാരികേ നിന്‍നിറമിഴികളില്‍
ഒരു കാത്തിരിപ്പിന്റെ നോവ്‌
സാഗരം തീര്‍ക്കുന്നുവോ......
പതിയെ തുറന്നൊരാ-
ചില്ലുവാതില്‍ കടന്നരികില്‍ വന്നു നീ
എന്‍ കരലാളനത്തിലമർന്നു നിന്നു നീ
നിന്നോര്‍മ്മകള്‍ മാധുര്യമാം
കിനാക്കള്‍ സമ്മാനിക്കുന്നു..
നീലാംബരിപൂക്കൾ തോരണം-
ചാര്‍ത്തിയൊരാ പ്രണയ താഴ്‌വരയിൽ
നിര്‍മ്മലമാം മഞ്ഞുപൊഴിയുന്നോരീ യാമിനിയില്‍....
തെളിര്‍നിലാവിന്‍ മുലക്കച്ചയഴിച്ചു-
ഈ കുളിര്‍പൊയ്കയില്‍ നീരാടി
നീന്തിടുന്നു ചന്ദ്രികയും..
അല്ലിയാമ്പല്‍പൂക്കളെ -
ചുംബിച്ചുണര്‍ത്തീടുന്നൊരാ
ശൃംഗാരസംഗമം...
ഈ ആദ്യസമാഗമംകണ്ടു
നിന്‍നയനങ്ങള്‍ നീയറിയാതെ
എന്തിനോ ദാഹിച്ചുണര്‍ന്നീടുന്നു....
ഇതുവരെ ഞാന്‍ കാണാത്തൊരു-
നിശകള്‍ നിന്നിലുദിച്ചീടുന്നു
ഞാന്‍ അറിയാതൊരുനുഭൂതികള്‍
നിന്നിലുണര്‍ന്നീടുന്നു..
ആതിരരാവിലീകല്‍പ്പടവില്‍-
നിന്‍കരംകവർന്നിരിക്കുമ്പോൾ
മാധുര്യമാം ഓര്‍മ്മകള്‍-
പോലെ ഈ കുളിരോളങ്ങൾ
എന്‍റെപാദങ്ങളെതഴുകിയുണര്‍ത്തുന്നു...
രാത്രിലില്ലികള്‍പോലെ -
യൗവ്വനസുഗന്ധിയാം നിന്നുടല്‍
തഴുകിയൊരു മോഹനസുരഭിയാം
കുളിര്‍തെന്നല്‍ പോയീടുന്നു മന്ദം....
രജനീഗന്ധികള്‍ തൊട്ടുണര്‍ത്തിയ എന്‍ -
ആത്മരാഗം എന്തെന്നറിയാമോ....
എന്നില്‍ ഉണര്‍ന്നൊരാ ലയഭാവങ്ങള്‍-
എന്തെന്നറിയാമോ.....
അജ്ഞാതമാമൊരു പ്രണയാനുരാഗത്തിന്‍
ഓര്‍മ്മകളില്‍ ഞാന്‍ ലയിച്ചീടുന്നു...

No comments:

Post a Comment